യാത്ര പറഞ്ഞു പിരിഞ്ഞപ്പോൾ കണ്ണിൽ നിന്നും കാഴ്ച്ച മറയുന്നതു വരെ നോക്കി നിന്നു. ഇനി ഇത് പോലെ നേർക്കുനേർ കാണാൻ പറ്റുമോ എന്നറിയില്ലല്ലോ. എന്നെ കുറിച്ച് നിനക്കറിയുമോ എന്ന് ചോദിക്കുന്നില്ല. നിന്നെ കുറിച്ച് മാത്രമേ എനിക്കിപ്പോൾ അറിയൂ. ഇപ്പോൾ എന്ന് പറഞ്ഞാൽ 'ഇന്ന്' മാത്രം അല്ല കേട്ടോ. കഴിഞ്ഞ കുറെ കാലമായ് ഞാൻ പോലും അറിയാതെ രൂപം കൊണ്ടാണവയാണ് അതെല്ലാം. നീർകുമിളകളുടെ ഭംഗി ആസ്വദിച്ചു തന്നെതന്നെ മതിമറന്ന് നിൽക്കുന്ന കുഞ്ഞുങ്ങളെ കണ്ടിട്ടില്ലേ. അതുപോലെ ആരുമറിയാതെ എന്റെ നിഴൽ പോലുമറിയാതെ ഞാൻ കൂടെ കൂട്ടിയ ഒരു നീർക്കുമിള. എങ്കിലും ചിലപ്പോഴൊക്കെ ആ സാന്നിധ്യം തരുന്ന ഒരു ധൈര്യവും ആത്മ വിശ്വാസവുമുണ്ട് - എവിടെയോ ആരോ കാത്തിരിക്കുന്നുണ്ടെന്ന ഒരു തോന്നൽ. നേരിൽ കണ്ടില്ലെങ്കിലും സ്വരം കേട്ടില്ലെങ്കിലും അദൃശ്യമായ ആ സാന്നിധ്യം പകരുന്ന ഒരു പ്രതീക്ഷയാണ് മുന്നോട്ടുള്ള വഴികാട്ടി.
താങ്ങാൻ കാലുകൾക്കു ഉറപ്പില്ലാതെയാകുമ്പോൾ നീ നടന്നകന്ന പാതയിലൂടെ കഴിയുമെങ്കിൽ ഒന്നു തിരിച്ചു വരാമോ? നിനക്ക് വേണ്ടി കാത്തിരുന്ന (കാത്തിരിക്കുന്ന) എന്റെ സമീപം. ഒരു വാക്ക് തന്നാൽ ഉറ്റുനോക്കാനുള്ള ഒരു പൊൻതരി വെട്ടമായേനെ. ഒരു പക്ഷെ ആ പ്രതീക്ഷയിൽ നിന്റെ തിരിച്ചുവരവ് പോലും പ്രതീക്ഷിക്കുന്നുണ്ടാവില്ല. ഒരു വിളിപ്പാടകലെ നീ ഉണ്ടെന്ന ഒരു വാക്ക്. അത് മാത്രം മതി തിരിച്ചെനിക്ക്.
നീ അറിയാതെ പോകുന്ന എന്റെ കണ്ണുനീർതുള്ളികളിലെല്ലാം നിന്റെ ഓർമ്മകൾ ഉണ്ടായിരിക്കും - നിനക്കായി ദിനവും പൊഴിക്കുന്ന കണ്ണുനീർ സാക്ഷി. പറയരുത് എന്ന് തന്നെ ആണ് കരുതിയിരുന്നത്, അറിയിക്കരുത് എന്നും. പക്ഷെ കാണാൻ കണ്ണുകളും കേൾക്കാൻ കാതുകളും നിർബന്ധം പിടിക്കുമ്പോൾ വെറുതേ ഉറ്റുനോക്കും - കാറ്റു മഴമേഘം കൊണ്ട് വരുന്ന ദിശയിലേക്ക്. നിന്റെ പുറപ്പാടിന്റെ സൂചന ആണെങ്കിലോ?
അല്ലെങ്കിൽ നിന്റെ ഇഷ്ടങ്ങളെ നീ ഉപേക്ഷിച്ചത് പോലെ എന്റെ ഇഷ്ടങ്ങളെ ഇല്ലാതാക്കാൻ എനിക്കൊരു മാർഗം പറഞ്ഞു തരുമോ?