Friday 5 July 2013

കുഞ്ഞേ, നീ മറന്നിടല്ലേ !

                                 
'പതുക്കെ നടക്കൂ ഉണ്ണീ...' എന്റെ കൈവിരൽത്തുമ്പിൽ തൂങ്ങി പതിയെ പതിയേ ഓരോ ചുവടും പിച്ചവെക്കുമ്പോൾ ആ കുഞ്ഞുകണ്ണുകളിൽ ഒരായിരം നക്ഷത്രത്തിളക്കം. 'കുഞ്ഞേ, നീ യാത്ര തുടങ്ങിയിട്ടേ ഉള്ളൂ.  പൂർത്തിയാക്കാൻ എത്രയോ ദൂരം ബാക്കിയുണ്ട്.  കൈപിടിച്ച്  നടത്താൻ ഞാനെന്നും കൂടെയുള്ളപ്പോൾ, പിന്നിടേണ്ട വഴികളെക്കുറിച്ച്  നീ വെറുതെ ഭയക്കരുതേ. നെറുകയിൽ ഉമ്മവെച്ചു പറക്കുന്ന പൂമ്പാറ്റകളും വട്ടമിട്ടു തത്തിക്കളിക്കുന്ന ഓണത്തുമ്പികളും അമ്പിളിമാമനും നിറനിലാവും തൊടിയിൽ കലപിലക്കൂട്ടുന്ന ഓലേഞ്ഞാലിയും എല്ലാമെല്ലാം നിന്റെ കൂട്ടുകാർ. അവയുടെ ഭാഷയും നിനക്കന്യമല്ലല്ലോ. ഈ പാൽചുണ്ടിലെ നിറചിരിയിൽ നീ ചുറ്റിലും സ്നേഹത്തിന്റെ വേലിയേറ്റം സൃഷ്ട്ടിക്കുന്നു. മുറുക്കിപ്പൂട്ടിയ കുഞ്ഞുകൈകളിൽ നീ കാത്തുസൂക്ഷിക്കുന്നത് നിഷ്കളങ്കതയുടെ നിധിപേടകം.'

കാലം ഒരിക്കലും നിശ്ചലമായി  നിൽക്കില്ലെന്നറിയാം. ഉണ്ണി നീ വളര്ന്നുതുടങ്ങുമ്പോൾ,  മുറുക്കിപ്പിടിച്ച കൈകൾ നിവര്ത്തി ത്തുടങ്ങുമ്പോൾ  അതിലൊതുക്കി വെച്ച നിധി വിരലുകളിലൂടെ ഊര്ന്നുപോകും.  നിഷ്കളങ്കതയും അതു സമ്മാനിച്ച സ്നേഹവും പുഞ്ചിരിയും മാഞ്ഞുത്തുടങ്ങും. പിന്നീടു യാന്ത്രികലോകത്തിലെ യന്ത്രമനുഷ്യരുടെ നിലയിലേക്ക് നീ വളരും, അല്ല തളര്ന്നുവീഴും.
 
 
'എന്റെ കുഞ്ഞേ, ഋതുക്കളുടെ തേരോട്ടത്തിൽ നീ വീണുപോവല്ലേ.  ഉണ്ണീ, നീ വാനോളം വളര്ന്നോളൂ, എന്നാൽ നിന്നിലെ യഥാർത്ഥ കുഞ്ഞിനെ മറന്നുകളയല്ലേ.  ബാല്യത്തിലെന്നപോലെ ആ കൈകൾ എന്റെ കൈയ്യോടു ചേര്ക്കൂ, ഞാൻ മുറുകെ പിടിക്കട്ടെ - നീ വീഴാതിരിക്കാൻ, നിന്റെ യാത്ര പൂർത്തീകരിക്കാൻ. '