Saturday, 1 December 2012

നിന്നിലേക്കുള്ളോരാ ദൂരമറിയാതെ......

                             കണ്ണന്‍ വൃന്ദാവനത്തില്‍ നിന്നും മഥുരയിലേക്ക് യാത്രയായിട്ട്  നാളേക്ക്  12 സംവത്സരങ്ങള്‍  തികയുന്നു. ഇത്രയും വര്‍ഷങ്ങള്‍ വളരെ പെട്ടെന്നാണോ കടന്നുപോയത് എന്ന് ചോദിച്ചാല്‍ എനിക്കറിയില്ല.അങ്ങനെ വിശ്വസിക്കാനാണ്  ഞാന്‍ ഇഷ്ടപ്പെടുന്നത് . ഒരായിരം പൂര്‍ണചന്ദ്രന്റെ  നിലാവ് വെല്ലുന്ന പുഞ്ചിരിയോടെ ഓടിയെത്തി പിന്നീടെങ്ങോ മറഞ്ഞുപോയ ആ ശ്യാമമോഹനന്‍ എന്റെ ആരായിരുന്നു? ഒരു ജീവിതം മുഴുവന്‍ ഒരുപക്ഷേ അതിനുള്ള ഉത്തരമായേക്കും.

അമ്മയുടെ കൈവിരല്‍ത്തുമ്പില്‍ത്തൂങ്ങി ആദ്യമായി വൃന്ദാവനത്തിലെത്തിയ നാള്‍ മുതല്‍ കേട്ടു വളര്‍ന്നത്‌  കണ്ണന്റെ ലീലകളെക്കുറിച്ചാണ്‌ . ബാല്യത്തില്‍ നിന്ന് കൌമാരത്തിലെത്തിയപ്പോഴും ഓര്‍മയില്‍ നിറം മങ്ങാതെയിരുന്നത് ഭാവനയില്‍ മാത്രം കണ്ട ആ കമനീയരൂപമായിരുന്നു. പിന്നെടെപ്പോഴോ ഒരു നാള്‍ കാറ്റിനോടൊപ്പം വന്ന മുരളീനാദത്തെ പിന്തുടര്‍ന്ന് കാളിന്ദി തീരത്തെത്തി. അവിടെ കടമ്പിന്‍ വൃക്ഷത്തിന്മേല്‍ ചാരിയിരുന്ന്  മുരളി വായിക്കുന്ന ഗോപബാലനെ ഇലകളുടെ മറവില്‍ നിന്ന് കണ്ടമാത്രയില്‍ ചിരകാലപരിചയം തോന്നിയത് തെല്ലും ആകസ്മികമായിരുന്നിലെന്നു പിന്നീടു തിരിച്ചറിഞ്ഞു. അന്നുതൊട്ടെന്നും ദൂരെ മാറി ആ കാര്‍വര്‍ണനെ നോക്കുമ്പോഴൊക്കെ മനസ്സില്‍ മയിലുകള്‍ മതിമറന്നാടുന്നതെന്തെന്നു ഇന്നും അജ്ഞാതം. ഒരിക്കല്‍പ്പോലും കരുണാര്‍ദ്രമായ ആ മിഴികള്‍ക്ക് നേരെ നിന്നിട്ടില്ല, ഒരു വാക്കും തമ്മില്‍ മിണ്ടിയിട്ടുമില്ല.ഒടുവില്‍ ഒരുനാള്‍ കണ്ണന്റെ രഥം മഥുരയെ ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങിയപ്പോള്‍ കുന്നിന്മുകളിലെ മരങ്ങളുടെ മറവുപറ്റി രഥത്തിന് സമാന്തരമായി ഓടിഓടി പാദം കുഴഞ്ഞു തളര്‍ന്നുവീണു.
                                   കണ്ണന്റെ വേണുഗാനമൊഴുകിയിരുന്ന സായംസന്ധ്യകള്‍ ! ആ ഓര്‍മയില്‍ എന്നും യമുനാ തീരത്തെ മണല്‍ തിട്ടകളില്‍ ഒരു പുല്ലാങ്കുഴല്‍ വിളിക്കായ് വെറുതെ കാതോര്‍ത്തിരിക്കാറുണ്ട്. കാളിന്ദിയില്‍ കളകളാരവം കൂടുമ്പോള്‍ കണ്ണനെങ്ങാനും മറ്റൊരു കാളിയമര്‍ദ്ധനം ചെയ്യുകയായിരിക്കുമോ എന്നോര്‍ത്ത് കടമ്പിന്‍ചുവടു വരെ വെറുതെ ഓടിയെത്തും. വസന്തത്തില്‍പ്പോലും പൂക്കാന്‍ മറന്നുപോയ വല്ലികളോട് സൌഖ്യമന്വേഷിക്കും. ഹൃദയവ്യഥ അവയെക്കാള്‍ നന്നായി ആരു മനസ്സിലാക്കാന്‍ ? പറന്നു വരുന്ന ഓരോ ഭ്രമരത്തോടും മഥുരയിലെ വിശേഷങ്ങള്‍ ചോദിക്കും. മഥുരാധിപന്റെ ഉദ്യാനത്തില്‍ നിന്നാവില്ല അവയുടെ വരവെന്നാര്‍ക്കറിയാം?ഒരിക്കല്‍പ്പോലും എന്നെ കണ്ടിട്ടില്ലാത്ത കണ്ണന്‍ എന്റെ മനോവിചാരങ്ങള്‍ എങ്ങനെയറിയാനാണെന്ന് ചിലപ്പോഴൊക്കെ സ്വയം ചിരിച്ചുകൊണ്ടോര്‍ക്കാറുണ്ട്. പക്ഷേ അതിനോടൊപ്പം കണ്ണുകള്‍ ഈറനണിയുന്നതെന്തിനാണാവോ?
             അങ്ങനെയിരിക്കെ ഒരു ദിവസം വൃന്ദാവനവാസികളെല്ലാം നന്ദഗോപരുടെ ഭവനത്തിലേക്ക്‌ ക്ഷണിക്കപെട്ടു. അവിടേക്കുള്ള  ഓരോ ചുവടുവെയ്പ്പിലും ഹൃദയമിടിപ്പിന്റെ ശക്തി കൂടുന്നത് ഞാനറിയുന്നുണ്ടായിരുന്നു. കണ്ണന്‍ പിച്ചവെച്ചുനടന്ന മുറ്റവും ഊഞ്ഞാലാടിയിരുന്ന മരവുമെല്ലാം കണ്ടപ്പോള്‍ അവയെല്ലാം ഇനിയും ആരുടെയോ തിരിച്ചുവരവ്‌ പ്രതീക്ഷിച്ചു നില്‍ക്കുന്നതുപോലെ. പൂമുഖം കടന്നപ്പോള്‍ തന്നെ നന്ദഗോപരും യശോദയും  നിറകണ്ണുകളോടെ അടുത്തേക്ക് ഓടിവരുന്നത്‌ കണ്ടു. കരഞ്ഞുകലങ്ങിയ മിഴികളോടെ അവരെന്നെ ഗാഢമായി പുണര്‍ന്നു. സംഭവിക്കുന്നതെന്തെന്നു മനസ്സിലായില്ലെങ്കിലും എന്റെ കണ്ണുകളും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. അപ്പോഴാണ്‌ യശോദമ്മ തന്റെ കയ്യിലെ കുറിപ്പ് എന്റെ നേര്‍ക്ക്‌ നീട്ടിയത്.  നന്ദഗോപര്‍ക്കും യശോധക്കും മഥുരയില്‍ നിന്നും കൃഷ്ണനയച്ച സന്ദേശമായിരുന്നു അത്. തന്റെ വേര്‍പാടില്‍ ഏറെ നാളായി വിഷമിച്ചു കഴിയുന്ന അച്ഛനും അമ്മയ്ക്കും ദുഃഖശമനത്തിനുള്ള സമയമായെന്നും താമസിയാതെ വൃന്ദാവനത്തിലെ ഒരു ഗോപിക അവിടെയെത്തുമെന്നും അറിയിച്ചിരിക്കുന്നു. അവളുടെ നാമവും അടയാളങ്ങളും ഇന്നതെല്ലമാണെന്നും, അവള്‍ താന്‍ തന്നെയാണെന്ന് കരുതികൊള്ളുക എന്നും സന്ദേശത്തില്‍ പറഞ്ഞിരിക്കുന്നു. ഉണ്ണിക്കണ്ണനെ വെണ്ണയും വാത്സല്യവുമൂട്ടി വളര്‍ത്തിയ ആ മാതാപിതാക്കളുടെ പാദങ്ങളില്‍ നമസ്കരിച്ചപ്പോള്‍, ഇതെല്ലം സത്യമോ അതോ ഭാവനാലോകത്തിന്റെ മഹത്തായൊരു സൃഷ്ട്ടിയോ എന്ന് തിരിച്ചറിയാന്‍ കഴിയും മുന്‍പേ മനസ്സ് പീതാംബരധാരിയുടെ പാദത്തിലെത്തിയിരുന്നു.

                             'കണ്ണാ, നീ വൃന്ദാവനത്തിലുണ്ടായിരുന്നപ്പോള്‍ എനിക്കും നിനക്കുമിടയിലെ ദൂരം കണ്ടു ഞാന്‍ അത്ഭുതം കൊണ്ടിടുണ്ട്. എന്നാല്‍ നീ എന്നില്‍ നിന്നും ഒട്ടുമകലെയല്ലെന്നു ഇന്നുഞാനറിയുന്നു. നിന്റെ ഓര്‍മ്മയില്‍ ഒഴുകിയിറങ്ങുന്ന കണ്ണീര്‍കണങ്ങള്‍ മായ്ക്കാനെത്തുന്ന കാറ്റിലും,  എന്നില്‍ 
പുഞ്ചിരിയുണര്‍ത്തുന്ന മഴയിലും എനിക്കു നിന്നെ കാണാം. രാത്രിയുടെ യാമങ്ങളില്‍ ആ മുരളീനാദം താരാട്ടായെത്തുന്നത് ഞാനറിയുന്നു. യമുനയുടെ ഓളങ്ങളില്‍ തട്ടുന്ന സൂര്യകിരണങ്ങളിലും പൌര്‍ണമിരാവില്‍ പരക്കുന്ന പൂനിലാവൊളിയിലും ഈ ശ്യാമചന്ദ്രനെ മാത്രമാണിവള്‍ കാണുന്നത്. കണ്ണാ, എന്നില്‍ നിന്നും നിന്നിലേക്ക്‌ ഒരു ഹൃദയമിടിപ്പിന്റെ അകലം പോലുമില്ലെന്ന് ഞാന്‍ തിരിച്ചറിയുന്നു. കണ്ണുനീര്‍ കാഴ്ച മറയ്ക്കുന്നുവെങ്കിലും ഒരു തുളസീദളം ഇവള്‍ നിനക്കായ്‌ ആ പാദത്തില്‍ സമര്‍പ്പിക്കട്ടെ !'                            

1 comment:

  1. തുളസി കതിരിന്റെ നൈർമല്ല്യം തേടി ഇവിടെ വന്നതാണ് കേട്ടൊ

    ReplyDelete