Thursday 12 November 2015

പറയാൻ മറന്നവ..!​​



മഴമേഘം ആകാശം നിറയ്ക്കുമ്പോൾ കണ്ടില്ലെന്നു നടിച്ച കാഴ്ചകൾക്ക് ഉൾകണ്ണിൽ വല്ലാത്ത തെളിച്ചം. പെറുക്കിയെടുക്കാൻ ബാക്കിയായവ.. ദൂരേ പെയ്തൊഴിയാൻ ഓടിയപ്പോൾ ചിതറിപ്പോയ കുറേ മുത്തുകളും നിശ്ശ്വാസങ്ങളും..ഇടറിയ പാദങ്ങളോടെ കാതോർത്തത്‌ പിൻവിളിക്കായ് മാത്രം. മൌനത്തിൻറെ അടരുകളിൽ നീ കൂടേറിയപ്പോഴും കാത്തിരുന്നത് പൂർണമാവാത്ത വരിയുടെ ഓർമയിൽ. അകലങ്ങളിലെ വ്യഥ നിന്നക്കന്യമാണെങ്കിലും മിന്നൽപിണരുകൾ പോലെ അത് നിത്യവും എന്നെ തേടിയെത്തുന്നു. ഈ നിഴലുകളൊന്നും നിന്റെ വഴിത്താരയിൽ മുദ്ര പതിപ്പിക്കില്ല, തിരിച്ചുനല്കാനൊരു വാക്കും കരുതിയിരിക്കില്ല. ദൂരം തേടി തീരം തേടി നീ പോകുമ്പോൾ കാഴ്ച്ച മറയ്ക്കാൻ മഴനൂലിൽ വന്നിറങ്ങുന്ന മഴത്തുള്ളികൾ കൂട്ട്.

Saturday 13 June 2015

ഉള്ളിൻറെ ഉള്ളിൽ

ബാല്യത്തിലെ നിറമേറിയ പ്രഭാതങ്ങളിലൊന്നിൽ നീ എന്നോട് മന്ത്രിച്ചു " താഴെ നിന്നാൽ എന്നെ കാണാൻ കഴിയില്ല, മുകളിലേക്ക് വരണം ". നിന്നിലേക്കുള്ള പാതയുടെ നീളവും വ്യാപ്തിയും അന്നത്തെപോലെ ഇന്നുമെനിക്കന്യം. എത്രയോ യോഗി വര്യന്മാർ നടന്നുകയറിയ ആ കല്പടവുകളിലൊന്നിൽ ചാരി പതിയേ കണ്ണുകളടച്ചപ്പോൾ മുന്നിൽ തെളിഞ്ഞത് വശ്യമായ രണ്ടു മിഴികൾ. നിൻറെ കണ്ണുകളിൽ ഞാൻ കണ്ടത് എന്നെതന്നെയായിരുന്നു. ആ നറുംപുഞ്ചിരിയിൽ മയങ്ങിയത് എന്നിലെ ഞാനായിരുന്നു. നിമിഷമാത്രയിൽ ഉള്ളിനുള്ളിലെ ആഴങ്ങളിലേക്കിറങ്ങി  'എന്നെ' മുങ്ങിയെടുക്കാൻ എങ്ങനെ കഴിഞ്ഞൂ നിനക്ക്? ചുറ്റുമുള്ള സകലതിനേയും വിസ്മൃതിയിലാഴ്ത്തിക്കൊണ്ട് സുന്ദരങ്ങളിൽ സുന്ദരമായതിനെ മാത്രം ഇപ്പോൾ കാണാം. ഒരായിരം ചോദ്യങ്ങളുമായി വന്ന മനസ്സും ഇതാ ആനന്ദനടനം തുടങ്ങി. വേണ്ടാ-ഇനിയൊന്നും, ഈ നിമിഷം മാത്രം, ഈ ലോകം മാത്രം സ്വന്തം. ഇല്ല, സ്വന്തമായൊന്നുമില്ല, എല്ലാം നിന്റേത് , നിന്റേതു മാത്രം ! 

Thursday 4 June 2015

കാത്തിരിപ്പ്‌

നിന്നെ അറിയാതെ... നിൻറെ സാന്നിധ്യം ഈ പ്രപഞ്ചത്തിൽ ഉണ്ടെന്നു പോലും അറിയാതെ എത്രയോ ജന്മങ്ങൾ കൊഴിഞ്ഞുപോയ്‌. പിന്നീടു ഏതോ ഒരു നിമിഷാര്‍ദ്ധത്തില്‍ നിന്നെ തിരിച്ചറിഞ്ഞപോഴേക്കും പിന്നിട്ടത് എണ്ണിയാൽ തീരാത്ത ജന്മങ്ങൾ. ഒരു മാത്ര നിന്നെ ദർശിക്കാൻ പിന്നേയും ജന്മാന്ദരങ്ങളിലൂടെ നീണ്ട യാത്ര. ഇപ്പോഴും കാത്തിരിക്കുന്നു - ജനനമരണങ്ങൾക്കപുറത്തേക്ക് ഉറ്റു  നോക്കി - നിന്നിലേക്കെത്താൻ, ഹൃദയത്തിലറിയാൻ !