Wednesday 1 June 2022

സന്ദേശം

യാത്ര പറഞ്ഞു പിരിഞ്ഞപ്പോൾ കണ്ണിൽ നിന്നും കാഴ്ച്ച മറയുന്നതു വരെ നോക്കി നിന്നു. ഇനി ഇത് പോലെ നേർക്കുനേർ കാണാൻ പറ്റുമോ എന്നറിയില്ലല്ലോ. എന്നെ കുറിച്ച് നിനക്കറിയുമോ എന്ന് ചോദിക്കുന്നില്ല. നിന്നെ കുറിച്ച് മാത്രമേ എനിക്കിപ്പോൾ അറിയൂ. ഇപ്പോൾ എന്ന് പറഞ്ഞാൽ 'ഇന്ന്' മാത്രം അല്ല കേട്ടോ. കഴിഞ്ഞ കുറെ കാലമായ് ഞാൻ പോലും അറിയാതെ രൂപം കൊണ്ടാണവയാണ് അതെല്ലാം. നീർകുമിളകളുടെ ഭംഗി ആസ്വദിച്ചു തന്നെതന്നെ മതിമറന്ന് നിൽക്കുന്ന കുഞ്ഞുങ്ങളെ കണ്ടിട്ടില്ലേ. അതുപോലെ ആരുമറിയാതെ എന്റെ നിഴൽ പോലുമറിയാതെ ഞാൻ കൂടെ കൂട്ടിയ  ഒരു നീർക്കുമിള. എങ്കിലും ചിലപ്പോഴൊക്കെ ആ സാന്നിധ്യം തരുന്ന ഒരു ധൈര്യവും ആത്മ വിശ്വാസവുമുണ്ട്  - എവിടെയോ ആരോ കാത്തിരിക്കുന്നുണ്ടെന്ന ഒരു തോന്നൽ. നേരിൽ കണ്ടില്ലെങ്കിലും സ്വരം കേട്ടില്ലെങ്കിലും അദൃശ്യമായ ആ സാന്നിധ്യം പകരുന്ന ഒരു പ്രതീക്ഷയാണ് മുന്നോട്ടുള്ള വഴികാട്ടി.

താങ്ങാൻ കാലുകൾക്കു ഉറപ്പില്ലാതെയാകുമ്പോൾ നീ നടന്നകന്ന പാതയിലൂടെ കഴിയുമെങ്കിൽ ഒന്നു തിരിച്ചു വരാമോ? നിനക്ക് വേണ്ടി കാത്തിരുന്ന (കാത്തിരിക്കുന്ന) എന്റെ സമീപം. ഒരു വാക്ക് തന്നാൽ ഉറ്റുനോക്കാനുള്ള ഒരു പൊൻതരി വെട്ടമായേനെ. ഒരു പക്ഷെ ആ പ്രതീക്ഷയിൽ നിന്റെ തിരിച്ചുവരവ് പോലും പ്രതീക്ഷിക്കുന്നുണ്ടാവില്ല. ഒരു വിളിപ്പാടകലെ നീ ഉണ്ടെന്ന ഒരു വാക്ക്. അത് മാത്രം മതി തിരിച്ചെനിക്ക്.

നീ അറിയാതെ പോകുന്ന എന്റെ കണ്ണുനീർതുള്ളികളിലെല്ലാം നിന്റെ ഓർമ്മകൾ  ഉണ്ടായിരിക്കും -  നിനക്കായി ദിനവും പൊഴിക്കുന്ന  കണ്ണുനീർ സാക്ഷി. പറയരുത് എന്ന് തന്നെ ആണ് കരുതിയിരുന്നത്, അറിയിക്കരുത് എന്നും. പക്ഷെ കാണാൻ കണ്ണുകളും കേൾക്കാൻ കാതുകളും നിർബന്ധം പിടിക്കുമ്പോൾ വെറുതേ ഉറ്റുനോക്കും - കാറ്റു മഴമേഘം കൊണ്ട് വരുന്ന ദിശയിലേക്ക്. നിന്റെ പുറപ്പാടിന്റെ സൂചന ആണെങ്കിലോ?

അല്ലെങ്കിൽ നിന്റെ ഇഷ്ടങ്ങളെ നീ ഉപേക്ഷിച്ചത് പോലെ എന്റെ ഇഷ്ടങ്ങളെ ഇല്ലാതാക്കാൻ എനിക്കൊരു മാർഗം പറഞ്ഞു തരുമോ?

Thursday 12 November 2015

പറയാൻ മറന്നവ..!​​



മഴമേഘം ആകാശം നിറയ്ക്കുമ്പോൾ കണ്ടില്ലെന്നു നടിച്ച കാഴ്ചകൾക്ക് ഉൾകണ്ണിൽ വല്ലാത്ത തെളിച്ചം. പെറുക്കിയെടുക്കാൻ ബാക്കിയായവ.. ദൂരേ പെയ്തൊഴിയാൻ ഓടിയപ്പോൾ ചിതറിപ്പോയ കുറേ മുത്തുകളും നിശ്ശ്വാസങ്ങളും..ഇടറിയ പാദങ്ങളോടെ കാതോർത്തത്‌ പിൻവിളിക്കായ് മാത്രം. മൌനത്തിൻറെ അടരുകളിൽ നീ കൂടേറിയപ്പോഴും കാത്തിരുന്നത് പൂർണമാവാത്ത വരിയുടെ ഓർമയിൽ. അകലങ്ങളിലെ വ്യഥ നിന്നക്കന്യമാണെങ്കിലും മിന്നൽപിണരുകൾ പോലെ അത് നിത്യവും എന്നെ തേടിയെത്തുന്നു. ഈ നിഴലുകളൊന്നും നിന്റെ വഴിത്താരയിൽ മുദ്ര പതിപ്പിക്കില്ല, തിരിച്ചുനല്കാനൊരു വാക്കും കരുതിയിരിക്കില്ല. ദൂരം തേടി തീരം തേടി നീ പോകുമ്പോൾ കാഴ്ച്ച മറയ്ക്കാൻ മഴനൂലിൽ വന്നിറങ്ങുന്ന മഴത്തുള്ളികൾ കൂട്ട്.

Saturday 13 June 2015

ഉള്ളിൻറെ ഉള്ളിൽ

ബാല്യത്തിലെ നിറമേറിയ പ്രഭാതങ്ങളിലൊന്നിൽ നീ എന്നോട് മന്ത്രിച്ചു " താഴെ നിന്നാൽ എന്നെ കാണാൻ കഴിയില്ല, മുകളിലേക്ക് വരണം ". നിന്നിലേക്കുള്ള പാതയുടെ നീളവും വ്യാപ്തിയും അന്നത്തെപോലെ ഇന്നുമെനിക്കന്യം. എത്രയോ യോഗി വര്യന്മാർ നടന്നുകയറിയ ആ കല്പടവുകളിലൊന്നിൽ ചാരി പതിയേ കണ്ണുകളടച്ചപ്പോൾ മുന്നിൽ തെളിഞ്ഞത് വശ്യമായ രണ്ടു മിഴികൾ. നിൻറെ കണ്ണുകളിൽ ഞാൻ കണ്ടത് എന്നെതന്നെയായിരുന്നു. ആ നറുംപുഞ്ചിരിയിൽ മയങ്ങിയത് എന്നിലെ ഞാനായിരുന്നു. നിമിഷമാത്രയിൽ ഉള്ളിനുള്ളിലെ ആഴങ്ങളിലേക്കിറങ്ങി  'എന്നെ' മുങ്ങിയെടുക്കാൻ എങ്ങനെ കഴിഞ്ഞൂ നിനക്ക്? ചുറ്റുമുള്ള സകലതിനേയും വിസ്മൃതിയിലാഴ്ത്തിക്കൊണ്ട് സുന്ദരങ്ങളിൽ സുന്ദരമായതിനെ മാത്രം ഇപ്പോൾ കാണാം. ഒരായിരം ചോദ്യങ്ങളുമായി വന്ന മനസ്സും ഇതാ ആനന്ദനടനം തുടങ്ങി. വേണ്ടാ-ഇനിയൊന്നും, ഈ നിമിഷം മാത്രം, ഈ ലോകം മാത്രം സ്വന്തം. ഇല്ല, സ്വന്തമായൊന്നുമില്ല, എല്ലാം നിന്റേത് , നിന്റേതു മാത്രം ! 

Thursday 4 June 2015

കാത്തിരിപ്പ്‌

നിന്നെ അറിയാതെ... നിൻറെ സാന്നിധ്യം ഈ പ്രപഞ്ചത്തിൽ ഉണ്ടെന്നു പോലും അറിയാതെ എത്രയോ ജന്മങ്ങൾ കൊഴിഞ്ഞുപോയ്‌. പിന്നീടു ഏതോ ഒരു നിമിഷാര്‍ദ്ധത്തില്‍ നിന്നെ തിരിച്ചറിഞ്ഞപോഴേക്കും പിന്നിട്ടത് എണ്ണിയാൽ തീരാത്ത ജന്മങ്ങൾ. ഒരു മാത്ര നിന്നെ ദർശിക്കാൻ പിന്നേയും ജന്മാന്ദരങ്ങളിലൂടെ നീണ്ട യാത്ര. ഇപ്പോഴും കാത്തിരിക്കുന്നു - ജനനമരണങ്ങൾക്കപുറത്തേക്ക് ഉറ്റു  നോക്കി - നിന്നിലേക്കെത്താൻ, ഹൃദയത്തിലറിയാൻ ! 


Wednesday 4 June 2014

ഓർമകളിൽ ഒരു വസന്തകാലം

            ....പാലക്കാടൻ കാറ്റിൽ കിന്നാരം പറഞ്ഞാർത്തു തലതല്ലിച്ചിരിക്കുന്ന, പനമ്പട്ടകളെ പേറിയ കരിമ്പനക്കൂട്ടങ്ങൾ! ചാഞ്ഞുമയങ്ങുന്ന മഞ്ഞുതുള്ളികളിൽ, പൊന്നുചാലിച്ചു വീഴ്ത്തുന്ന. ഇലകളെപേറിയ അരയാൽക്കൂട്ടങ്ങൾ !


             ഋതുക്കളുടെ പെയ്തിറക്കത്തിന്റെയും തലമുറകളുടെ പടിയിറക്കത്തിന്റെയും വശ്യസ്മൃതിയിൽ മയങ്ങുന്ന, ചരിത്രമുള്ള മണ്ണിലെ സരസ്വതീ ക്ഷേത്രം ! മറക്കാനാവാത്ത തറവാട്ടിലേക്ക് കല്പടവുകളേറിചെല്ലവേ, ഓർമയിൽ വിടരുന്നത് ബാല്യത്തിന്റെ നിറമുള്ള ചിത്രങ്ങൾ...ഇഷ്ടികത്തൂണുള്ള വരാന്തകൾ നിറയുന്നതും സഹപാഠികളുടെ മുഖമവിടെ 
തെളിയുന്നതും എത്ര വേഗം! തീർന്നില്ലാ, ഇണക്കങ്ങൾ, പിണക്കങ്ങൾ, പൊട്ടിച്ചിരികൾ, പതിവിരിപ്പിടങ്ങൾ !!!


            ഓർമകൾക്ക് നീളമേറുമ്പോൾ, മുന്നിലെ ലോകം നിറമേറുന്നതാകുന്നു....ഒടുക്കം, ഒരു പടിയിറക്കത്തിൽ, ഒരു നിശ്ചലചിത്രത്തിലേക്കെല്ലാം ആവാഹിച്ചിറങ്ങിപ്പോരവേ, അറിയാതെ, ഒരിക്കൽ കൂടി തിരിഞ്ഞു നോക്കിയ രംഗം പോലും  മനസ്സിൽ തെളിയുന്നു...

ഇവിടമെനിക്ക് മറക്കാൻ കഴിയുന്നതെങ്ങിനേ......