Saturday, 13 June 2015

ഉള്ളിൻറെ ഉള്ളിൽ

ബാല്യത്തിലെ നിറമേറിയ പ്രഭാതങ്ങളിലൊന്നിൽ നീ എന്നോട് മന്ത്രിച്ചു " താഴെ നിന്നാൽ എന്നെ കാണാൻ കഴിയില്ല, മുകളിലേക്ക് വരണം ". നിന്നിലേക്കുള്ള പാതയുടെ നീളവും വ്യാപ്തിയും അന്നത്തെപോലെ ഇന്നുമെനിക്കന്യം. എത്രയോ യോഗി വര്യന്മാർ നടന്നുകയറിയ ആ കല്പടവുകളിലൊന്നിൽ ചാരി പതിയേ കണ്ണുകളടച്ചപ്പോൾ മുന്നിൽ തെളിഞ്ഞത് വശ്യമായ രണ്ടു മിഴികൾ. നിൻറെ കണ്ണുകളിൽ ഞാൻ കണ്ടത് എന്നെതന്നെയായിരുന്നു. ആ നറുംപുഞ്ചിരിയിൽ മയങ്ങിയത് എന്നിലെ ഞാനായിരുന്നു. നിമിഷമാത്രയിൽ ഉള്ളിനുള്ളിലെ ആഴങ്ങളിലേക്കിറങ്ങി  'എന്നെ' മുങ്ങിയെടുക്കാൻ എങ്ങനെ കഴിഞ്ഞൂ നിനക്ക്? ചുറ്റുമുള്ള സകലതിനേയും വിസ്മൃതിയിലാഴ്ത്തിക്കൊണ്ട് സുന്ദരങ്ങളിൽ സുന്ദരമായതിനെ മാത്രം ഇപ്പോൾ കാണാം. ഒരായിരം ചോദ്യങ്ങളുമായി വന്ന മനസ്സും ഇതാ ആനന്ദനടനം തുടങ്ങി. വേണ്ടാ-ഇനിയൊന്നും, ഈ നിമിഷം മാത്രം, ഈ ലോകം മാത്രം സ്വന്തം. ഇല്ല, സ്വന്തമായൊന്നുമില്ല, എല്ലാം നിന്റേത് , നിന്റേതു മാത്രം ! 

Thursday, 4 June 2015

കാത്തിരിപ്പ്‌

നിന്നെ അറിയാതെ... നിൻറെ സാന്നിധ്യം ഈ പ്രപഞ്ചത്തിൽ ഉണ്ടെന്നു പോലും അറിയാതെ എത്രയോ ജന്മങ്ങൾ കൊഴിഞ്ഞുപോയ്‌. പിന്നീടു ഏതോ ഒരു നിമിഷാര്‍ദ്ധത്തില്‍ നിന്നെ തിരിച്ചറിഞ്ഞപോഴേക്കും പിന്നിട്ടത് എണ്ണിയാൽ തീരാത്ത ജന്മങ്ങൾ. ഒരു മാത്ര നിന്നെ ദർശിക്കാൻ പിന്നേയും ജന്മാന്ദരങ്ങളിലൂടെ നീണ്ട യാത്ര. ഇപ്പോഴും കാത്തിരിക്കുന്നു - ജനനമരണങ്ങൾക്കപുറത്തേക്ക് ഉറ്റു  നോക്കി - നിന്നിലേക്കെത്താൻ, ഹൃദയത്തിലറിയാൻ !